സി.എം.ആർ.എൽ-എക്സാലോജിക് കേസ്; വീണയെയും പിണറായി വിജയനെയും കുരുക്കി കർത്തയുടെ മൊഴി
വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് ₹2.78 കോടി കൈപ്പറ്റിയെന്നും, സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് ₹50 ലക്ഷം വായ്പ നേടിയെന്നുമാണ് ഇ.ഡി.യുടെ കേസ്.

സി.എം.ആർ.എൽ–എക്സാലോജിക് ഇടപാട് കേസിൽ നിർണായക വെളിപ്പെടുത്തലുമായി സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം പരിഗണിച്ചാണ് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് പണം നൽകിയതെന്നും, എന്നാൽ കമ്പനി സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും ഇ.ഡിക്ക് നൽകിയ മൊഴിയിൽ അദ്ദേഹം വ്യക്തമാക്കി.
ഏപ്രിലിലാണ് ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മൊഴി നൽകിയത്. അന്വേഷണത്തിനിടെ, എക്സാലോജിക് സി.എം.ആർ.എല്ലിന് സേവനം നൽകിയിട്ടില്ലെന്ന കാര്യം വീണ വിജയനും ഇ.ഡിയോട് സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കേസിന്റെ ഭാഗമായി വീണ വിജയന്റെ ₹16.5 ലക്ഷം മരവിപ്പിച്ച ഇ.ഡി, തുടർനടപടികളുടെ ഭാഗമായി സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള റിപ്പോർട്ട് അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്.
ഇ.ഡിയുടെ അന്വേഷണപ്രകാരം, വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകാതെയാണ് ₹2.78 കോടി കൈപ്പറ്റിയത്. കൂടാതെ, സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് ₹50 ലക്ഷം വായ്പയായും സ്വീകരിച്ചെന്നാണ് കേസ്.
കള്ളപ്പണ നിരോധന നിയമപ്രകാരം ഈ തുക കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനമാണെന്നാണ് ഇ.ഡിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ വിജയന്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് തുടർനടപടികളും അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.