INDIA

'നിങ്ങളുടെ ഒരാഗ്രഹം പോലും സാധിച്ചുതരാൻ ആയില്ലല്ലോ'; നീറ്റിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി

നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ മഹാരാഷ്ട്രയിൽ വിദ്യാർഥിനി ജീവനൊടുത്തു. സംഭവസ്ഥലത്ത് നിന്ന് ഹൃദയഭേദക ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.

girl
girl

നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുത്തു. മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിലെ ജലാൽപൂർ സ്വദേശിനിയായ അങ്കിത സാബ്ലെയാണ് മരിച്ചത്.

നീറ്റ് പരീക്ഷയിൽ അങ്കിതയ്ക്ക് 166 മാർക്ക് മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് അങ്കിതയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്ന് മറാഠി ഭാഷയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. കുടുംബം തനിക്കുവേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിച്ചുവെങ്കിലും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെന്നും കുടുംബത്തിന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും കുറിപ്പിൽ പറയുന്നു.

അമ്മയെയും അച്ഛനെയും നന്നായി നോക്കണമെന്നും അവർക്ക് യാതൊരു കുറവും വരുത്തരുതെന്നും സഹോദരനോട് അങ്കിത കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് ലഭിച്ച സ്നേഹത്തിന് പകരമായി കുടുംബത്തിന്റെ ഒരാഗ്രഹം പോലും നിറവേറ്റാൻ കഴിഞ്ഞില്ലെന്നും, തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിൽ അഹല്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.