പോലീസ് വാൻ തടയുന്ന പ്രതിഷേധ ചിത്രം പുനരാവിഷ്കരിച്ച് നവ്യ; പിന്നാലെ പോസ്റ്റ് നീക്കി, വിമർശനം ശക്തം
വൈറൽ പ്രതിഷേധ ചിത്രം പുനരാവിഷ്കരിച്ച നവ്യ; പോസ്റ്റ് നീക്കിയതോടെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം.

സിജെപി പ്രതിഷേധത്തിന്റെ ഭാഗമായി പൊലീസ് വാഹനം തടഞ്ഞ് നിന്ന 27-കാരിയായ മോഡൽ റിയ ആഹിറിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു.
പ്രതിഷേധക്കാരുമായി നീങ്ങുകയായിരുന്ന പൊലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് കൈവെച്ച് നിന്ന റിയയുടെ ചിത്രം നിരവധി പേരാണ് പങ്കുവെച്ചത്. യുവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതികരണങ്ങൾ ഉയർന്നു.
ഈ വൈറൽ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നടി നവ്യ നായർ ഒരു പൊലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. കൊൽക്കത്തയിൽ പകർത്തിയതെന്നാണ് ചിത്രം. പോസ്റ്റിന് പശ്ചാത്തല സംഗീതമായി 'വന്ദേ മാതരം' നൽകിയിരുന്നെങ്കിലും മറ്റ് വിശദീകരണങ്ങളോ അടിക്കുറിപ്പോ ഉണ്ടായിരുന്നില്ല.
എന്നാൽ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായി. യഥാർഥ പ്രതിഷേധത്തിന്റെ പ്രതീകമായ ഒരു ചിത്രത്തെ പുനരാവിഷ്കരിച്ചതിനെതിരെയായിരുന്നു പ്രധാന വിമർശനം. പ്രതിഷേധം ശക്തമായതോടെ നവ്യ നായർ പിന്നീട് പോസ്റ്റ് നീക്കം ചെയ്തു.
കഴിഞ്ഞ ദിവസം ശിവാജി പാർക്കിൽ പ്രതിഷേധക്കാരെ കയറ്റിക്കൊണ്ടുപോകുന്ന പൊലീസ് വാനിന് മുന്നിൽ കനത്ത മഴയിൽ ഹൂഡിയും തൊപ്പിയും ധരിച്ച് റിയ ആഹിർ നിന്ന ചിത്രമാണ് ആദ്യം വൈറലായത്. തുടർന്ന് സിജെപി പ്രതിഷേധത്തിന്റെ മുഖങ്ങളിലൊരാളായി റിയ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.
സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട വൈറൽ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന നവ്യ നായരുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. നിരവധി പേർ ഇത് സിജെപി സമരത്തോടുള്ള പരോക്ഷ പിന്തുണയും ഐക്യദാർഢ്യപ്രകടനവുമായി വിലയിരുത്തി. എന്നാൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നവ്യ അത് ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളെക്കുറിച്ച് ഇതുവരെ വ്യക്തമായ നിലപാട് അറിയിക്കാതിരുന്ന സാഹചര്യത്തിൽ, അപ്രതീക്ഷിതമായി ഇത്തരമൊരു പോസ്റ്റ് പങ്കുവെക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായി.
പോസ്റ്റ് നീക്കം ചെയ്തെങ്കിലും അതിന്റെ സ്ക്രീൻഷോട്ടുകൾ ഇതിനോടകം തന്നെ വ്യാപകമായി പ്രചരിച്ചു. നിരവധി ഉപയോക്താക്കൾ പോസ്റ്റിന് താഴെ വിമർശനപരമായ പ്രതികരണങ്ങളുമായി എത്തി. ചിലർ ഇത് വെറും ശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന് ആരോപിച്ചപ്പോൾ, മറ്റുചിലർ പോസ്റ്റ് പിന്നീട് നീക്കം ചെയ്ത നടപടിയെയും ചോദ്യം ചെയ്തു.
അതേസമയം, നവ്യ നായർ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ നൽകിയിട്ടില്ല.
അതേസമയം, മോഡൽ റിയ ആഹിറിന്റെ പ്രതിഷേധ ചിത്രം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രതിഷേധത്തിനിടെ പൊലീസ് വാഹനം തടഞ്ഞുനിർത്തിയ റിയയും മുംബൈ പൊലീസും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി. പ്രതിഷേധക്കാരെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കാതെ വാഹനം മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു റിയ.
ആദ്യം വാഹനം കുറച്ചുദൂരം മുന്നോട്ടുകൊണ്ടുപോയ ശേഷം പ്രതിഷേധക്കാരെ വിട്ടയക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും, ഉടൻ തന്നെ മോചിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് റിയ പിന്മാറിയില്ല. പൊലീസ് വാനിന് മുന്നിൽ നിന്ന് മാറാൻ അവർ തയ്യാറാകാതിരുന്നതോടെ ഒടുവിൽ പൊലീസ് പ്രതിഷേധക്കാരെ വിട്ടയക്കുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ റിയയുടെ ചിത്രം പ്രതിഷേധത്തിന്റെ പ്രതീകമായി സമൂഹമാധ്യമങ്ങളിൽ വൈറലായി. നടിയും മോഡലും സംരംഭകയുമായ റിയ ആഹിറിനെ ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം പേരാണ് പിന്തുടരുന്നത്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.