മെട്രോയിൽ നിന്ന് ഇറങ്ങിയവരെയും ക്രിമിനൽ പട്ടികയിൽ; ഡൽഹി പൊലീസിനെതിരെ പ്രതിഷേധം
മെട്രോ യാത്രക്കാരെയും വെറുതെ വിടാതെ ഡൽഹി പൊലീസ്; ഫേഷ്യൽ റെക്കഗ്നിഷൻ എഐ ക്യാമറ ഉപയോഗിച്ച് പ്രതിഷേധക്കാരെ തിരിച്ചറിഞ്ഞ് ക്രിമിനൽ പട്ടികയിൽ ചേർക്കുന്നുവെന്ന ആരോപണം.

ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് എത്തുന്നവരുടെ വിവരങ്ങൾ ഡൽഹി പൊലീസ് ശേഖരിക്കുന്നുവെന്ന ആരോപണം ഉയരുന്നു. ഫേഷ്യൽ റെക്കഗ്നിഷൻ എഐ ക്യാമറ ഉപയോഗിച്ച് സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ പകർത്തി ക്രിമിനൽ പട്ടിക തയ്യാറാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇതിനായി അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായി ആരോപിച്ച്, ഡൽഹി പൊലീസ് വാഹനത്തിനുള്ളിലെ ഉപകരണങ്ങളുടെ ദൃശ്യങ്ങൾ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ തിരിച്ചറിയാനും വിവരങ്ങൾ ശേഖരിക്കാനുമാണ് ഈ സംവിധാനം ഉപയോഗിക്കുന്നതെന്നാണ് വിദ്യാർഥികളുടെ ആരോപണം.
അതേസമയം, ജന്തർ മന്തറിലേക്ക് ആളുകൾ എത്തുന്നത് തടയാൻ സമീപ പ്രദേശങ്ങളിലെ ചില മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതായും റിപ്പോർട്ടുണ്ട്. തുറന്നിരിക്കുന്ന സ്റ്റേഷനുകളുടെ എക്സിറ്റ് ഭാഗങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ച് ഇറങ്ങിവരുന്ന യുവാക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ജാമിയ മിലിയ മെട്രോ സ്റ്റേഷനു പുറത്ത് മേശയിട്ട് വിവരങ്ങൾ ശേഖരിക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് മാധ്യമപ്രവർത്തകർ വിശദീകരണം തേടിയപ്പോൾ, അത്തരം നടപടികൾ നടക്കുന്നില്ലെന്ന് അവർ നിഷേധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
മെട്രോ സ്റ്റേഷന്റെ രണ്ടാം ഗേറ്റിൽ നിലയുറപ്പിച്ചിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ നിരവധി വിദ്യാർഥികളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തുന്നതായി പ്രചരിക്കുന്ന വീഡിയോയിൽ കാണാം. വെള്ളക്കടലാസിലാണ് പട്ടിക തയ്യാറാക്കുന്നത്. മെട്രോയിൽ നിന്ന് ഇറങ്ങുന്നവരോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടും പേരുവിവരങ്ങൾ ശേഖരിച്ചുമാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്ന് വീഡിയോ പങ്കുവച്ചവർ ആരോപിക്കുന്നു.
വീഡിയോയിൽ കാണുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ നെയിംബാഡ്ജ് ഉണ്ടായിരുന്നില്ലെന്നും, ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ടെന്നും ഉടൻ സ്ഥലം വിട്ടുപോകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
സംഭവത്തെ തുടർന്ന്, സാധാരണ മെട്രോ യാത്രക്കാരുടെ വിവരങ്ങൾ പോലും പ്രതിഷേധവുമായി ബന്ധപ്പെടുത്തി ക്രിമിനൽ പട്ടികയിൽ ഉൾപ്പെടുത്തുകയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിഷേധം നടക്കുന്ന ജന്തർ മന്തർ പ്രദേശത്തുനിന്ന് ജാമിയ നഗർ ഏറെ അകലെയാണെന്നും, മെട്രോ സ്റ്റേഷനു ചുറ്റുമുള്ള പ്രദേശത്ത് യാതൊരു സംഘർഷാവസ്ഥയും ഉണ്ടായിരുന്നില്ലെന്നും വീഡിയോ പങ്കുവച്ച വിദ്യാർഥികൾ അവകാശപ്പെട്ടു.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.