കേന്ദ്രം സമവായനീക്കത്തിൽ; സിജെപിയുമായി നഡ്ഡയുടെ നിർണായക ചർച്ച!
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ, സമവായ ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. ഡൽഹിയിൽ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ സി.ജെ.പി.യുമായി ഇന്ന് നിർണായക ചർച്ച നടക്കും.
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ യുവജന പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോൾ, കേന്ദ്ര സർക്കാർ സമവായ ശ്രമങ്ങൾ തുടരുകയാണ്.
സി.ജെ.പി.യുടെ നിർദേശപ്രകാരം ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ ചർച്ച നടക്കും.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി. നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ജന്തർ മന്തറിൽ ഇന്നും പ്രതിഷേധം തുടരുകയാണ്. സമരത്തിൽ പങ്കെടുക്കാൻ എത്തിയ 200 പേരെ പൊലീസ് മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു. ഇവർ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, 20-ാം തീയതി നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണത്തിൽ സിആർപിഎഫ് അന്വേഷണം ആരംഭിച്ചു.
*അതേസമയം:* മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്ന് സോനം വാങ്‌ചുക്ക് തന്റെ നിരാഹാര സമരം അവസാനിപ്പിച്ചു.
ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ ഉറപ്പുനൽകി.
കുറ്റക്കാർക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന പുതിയ ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്നുചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അന്തിമ അംഗീകാരം നൽകും.
യുവാക്കളുടെ ഭാവിയും ക്ഷേമവും സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയാണെന്നും, അവരുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ ഒരിക്കലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
അതേസമയം, അർധരാത്രിയിൽ വീഡിയോ സന്ദേശം പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. വിദ്യാർഥികളെ അപമാനിക്കരുതെന്നും, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും, വിദ്യാർഥികളെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, മോദി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോദിയുടെ വീഡിയോ സന്ദേശത്തെ പരിഹസിച്ച് സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്‌കെയും പ്രതികരിച്ചു. മതിൽ ഇല്ലാത്ത വീട്ടിന്റെ ഗേറ്റ് മാത്രം പൂട്ടുന്ന ചിത്രം പങ്കുവച്ചാണ് അദ്ദേഹം പരിഹസിച്ചത്.
അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് പാർലമെന്റിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
മന്ത്രി രാജിവെക്കാതെ ചർച്ചയ്ക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയ സാഹചര്യത്തിൽ, സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ നാല് ദിവസമായി ലോക്‌സഭയും രാജ്യസഭയും പ്രതിഷേധത്തെ തുടർന്ന് പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.
ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇന്ന് എസ്.എഫ്.ഐ വിദ്യാഭ്യാസ ബന്ദ് ആചരിക്കും.
എസ്.എഫ്.ഐ ദേശീയതലത്തിൽ പ്രഖ്യാപിച്ച ബന്ദിന്റെ ഭാഗമായി സ്‌കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം ബാധിക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ ലോക് ഭവനിലേക്ക് എസ്.എഫ്.ഐ മാർച്ചും സംഘടിപ്പിക്കും.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.