INDIA

വ്യാജ വീഡിയോ പ്രചാരണം; നിയമനടപടിയുമായി പീയുഷ് ഗോയൽ

വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതായി പ്രചരിച്ച എഐ നിർമിത വ്യാജ വീഡിയോക്കെതിരെ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പരാതി നൽകി.

piyush goyal
piyush goyal

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ താൻ ഭീഷണിപ്പെടുത്തുന്നതായി പ്രചരിച്ച വ്യാജ വീഡിയോക്കെതിരെ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പൊലീസിൽ പരാതി നൽകി. പ്രാഥമിക പരിശോധനയിൽ വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ പ്രതികരിച്ച പീയുഷ് ഗോയൽ, പാർലമെന്റിന് പുറത്തുനിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്ന തന്റെ യഥാർഥ വീഡിയോ എഐ ഉപയോഗിച്ച് കൃത്രിമമായി മാറ്റി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് എക്‌സിൽ കുറിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കുമെന്നും സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും മന്ത്രി അഭ്യർഥിച്ചു. രാജ്യത്തെ യുവാക്കളുൾപ്പെടെയുള്ള സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ള പൗരന്മാർക്ക് ഇത്തരം എഐ നിർമിത വ്യാജവീഡിയോകളും വ്യാജവാർത്തകളും തിരിച്ചറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി.

വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിൽ വിശ്വാസമുണ്ടായതിനാലാണ് സമരം അവസാനിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. വാങ്ചുക്കും വിദ്യാർഥികളും ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവയ്ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചോദ്യപേപ്പർ ചോർച്ചക്കെതിരെ ജന്തർ മന്തറിൽ സമരം തുടരുന്ന സി.ജെ.പിയുമായി കേന്ദ്രസർക്കാർ ഇന്ന് മൂന്നാംഘട്ട ചർച്ച നടത്തും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യത്തിൽ ഇന്ന് നിലപാട് അറിയിക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, രാജി ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് സി.ജെ.പി ആവർത്തിച്ചു.

പരീക്ഷാക്രമക്കേടുകൾക്കും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടും കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഴുകുതിരി പ്രതിഷേധവും സത്യാഗ്രഹവും വിവിധയിടങ്ങളിൽ സംഘടിപ്പിക്കും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയ കേന്ദ്രസർക്കാർ, 10 കമ്പനി സി.ആർ.പി.എഫിനെയും അധികമായി വിന്യസിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.