സ്പോർട്സ് ടുഡേ

കോമൺവെൽത്തിൽ കേരളത്തിന്റെ കരുത്ത്; ശ്രീങ്കറും ബാസിലും വെള്ളിമെഡൽ സ്വന്തമാക്കി

🥈 കോമൺവെൽത്ത് ഗെയിംസിൽ കേരളത്തിന് ഇരട്ട വെള്ളിത്തിളക്കം! 🇮🇳 ലോങ് ജംപിൽ എം. ശ്രീങ്കറും പാരാ അത്‌ലറ്റിക്സിലെ 100 മീറ്ററിൽ മുഹമ്മദ് ബാസിലും വെള്ളിമെഡൽ നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തി. അതേസമയം, ഗെയിംസ് റെക്കോർഡ് തിരുത്തി സ്വർണം നേടി ഇന്ത്യയ്ക്ക് മറ്റൊരു തിളക്കമേകി ദിലീപ് ഗാവിത്ത്.

winner
winner

കോമൺവെൽത്ത് ഗെയിംസിൽ മലയാളി താരം എം. ശ്രീശങ്കർ ലോങ് ജംപിൽ വെള്ളിമെഡൽ നേടി. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ രണ്ടാം തവണയും കോമൺവെൽത്ത് ഗെയിംസിൽ വെള്ളിനേട്ടം സ്വന്തമാക്കിയത്.

ആദ്യ മൂന്ന് ശ്രമങ്ങൾക്ക് ശേഷം സ്വർണ പ്രതീക്ഷ നിലനിർത്തിയിരുന്ന ശ്രീശങ്കറിനെ നാലാം ശ്രമത്തിൽ ജമൈക്കയുടെ തജായ് ഗെയ്ൽ മറികടന്നു. 8.15 മീറ്റർ ചാടിയാണ് ഗെയ്ൽ സ്വർണം നേടിയത്. ശ്രീശങ്കറിന്റെ ആദ്യ ശ്രമം 8.03 മീറ്ററായിരുന്നു. രണ്ടാം ശ്രമത്തിൽ 8.09 മീറ്റർ ചാടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മൂന്നും നാലും ശ്രമങ്ങൾ ഫൗളായി. 2022-ലെ ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിലും ശ്രീശങ്കർ വെള്ളിമെഡൽ നേടിയിരുന്നു.

ശ്രീശങ്കറിന്റെ വിജയത്തിൽ കുടുംബവും സന്തോഷം പങ്കിട്ടു. അമ്മ ബിജിമോളും സഹോദരി ശ്രീപാർവതിയും മത്സരം മുഴുവൻ പ്രാർഥനയോടെയും ആവേശത്തോടെയും പിന്തുടർന്നു. സ്വർണം പ്രതീക്ഷിച്ചിരുന്നെങ്കിലും വെള്ളിനേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.

അതേസമയം, പാരാ അത്‌ലറ്റിക്സിലും ഇന്ത്യയ്ക്ക് മികച്ച നേട്ടമാണ് ലഭിച്ചത്. പുരുഷന്മാരുടെ 100 മീറ്റർ ടി47 ഫൈനലിൽ ഇന്ത്യയുടെ ദിലീപ് ഗാവിത്ത് 10.71 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗെയിംസ് റെക്കോർഡോടെ സ്വർണം നേടി. ഇതേ ഇനത്തിൽ മലയാളി താരം മുഹമ്മദ് ബാസിൽ 10.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളിമെഡൽ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ കെവിൻ സാൻറോസ് വെങ്കലം നേടി.

ബോക്സിങ്ങിലും ഇന്ത്യ മികച്ച പ്രകടനം തുടരുകയാണ്. ഏഴാം ദിനം ഇന്ത്യൻ ബോക്സർമാർ 10 മെഡലുകൾ ഉറപ്പിച്ചതോടെ, ഒരു കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടം എന്ന റെക്കോർഡും സ്വന്തമായി. അങ്കുഷ് യാദവ്, സാക്ഷി ചൗധരി, അരുന്ധതി ചൗധരി, സച്ചിൻ സിവാച്, നരേന്ദർ ബെർവാൾ, ജയ്‌സ്മിൻ ലംബോരി എന്നിവർ വിജയത്തോടെ മെഡൽ ഉറപ്പിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.