'വയറ്റിൽ എന്തോ പൊട്ടി'; ആംബുലൻസിൽ യുവതി പറഞ്ഞ വാക്കുകൾ, ദുരൂഹമരണത്തിൽ പുതിയ വഴിത്തിരിവ്
ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; സംഭവത്തിൽ ദുരൂഹത കനക്കുന്നു
മലപ്പുറത്തെ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് വയറുവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാൽ താൻ ഗർഭിണിയാണെന്ന വിവരം യുവതിയും കുടുംബവും ആശുപത്രി ജീവനക്കാരിൽ നിന്ന് മറച്ചുവച്ചിരുന്നുവെന്നാണ് വിവരം.
രക്തസ്രാവം കൂടുതലായതും ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമല്ലാതിരുന്നതും കാരണം യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ തീരുമാനിച്ചു. ഇതിനിടെ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട യുവതി അകത്ത് കയറി പ്രസവിച്ച ശേഷം കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ യുവതി നിലമ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആംബുലൻസ് ഡ്രൈവറോട് ഉൾപ്പെടെ "വയറ്റിൽ എന്തോ പൊട്ടിയതാണ് രക്തസ്രാവത്തിന് കാരണം" എന്നാണ് യുവതി പറഞ്ഞതെന്ന് റിപ്പോർട്ടുകളുണ്ട്.
അകമ്പാടത്തെ ഫാത്തിമ ആശുപത്രിയിലെ ശുചിമുറി രാവിലെ വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ തലേദിവസം ആശുപത്രിയിലെത്തിയ യുവതിയുടേതാണ് കുഞ്ഞെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാലിയാർ സ്വദേശിനിയായ യുവതി നിലവിൽ നിലമ്പൂരിലെ ആശുപത്രിയിൽ പ്രസവശേഷമുള്ള ചികിത്സയിലും നിരീക്ഷണത്തിലുമാണ്.
യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ശേഖരിക്കും. കുഞ്ഞിന്റെ മരണകാരണം വ്യക്തമാക്കാൻ പോസ്റ്റുമോർട്ടം നടപടികളും ഇന്ന് നടക്കും. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.