INDIA

മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം; സാങ്കേതിക പിഴവെന്ന് വിശദീകരിച്ച് മെറ്റയുടെ മാപ്പപേക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്‌സ്‌ബുക്ക് വീഡിയോ സാങ്കേതിക പിഴവിനെ തുടർന്ന് ബ്ലോക്ക് ചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാറിനോട് മെറ്റ മാപ്പപറഞ്ഞു. അബദ്ധത്തിൽ സംഭവിച്ചതാണെന്നും പ്രശ്നം പരിഹരിച്ചെന്നും കമ്പനി അറിയിച്ചു.

modi
modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്‌സ്ബുക്ക് വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാരിനോട് ഖേദം പ്രകടിപ്പിച്ച് മെറ്റ. സാങ്കേതിക തകരാറിനെ തുടർന്നാണ് വീഡിയോ അബദ്ധത്തിൽ ബ്ലോക്ക് ചെയ്യപ്പെട്ടതെന്നും, പിന്നീട് അത് പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.

ജൂലൈ 23ന് അപ്‌ലോഡ് ചെയ്ത വീഡിയോയാണ് ഫെയ്‌സ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിദ്യാർഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ സന്ദേശമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമനടപടികളും ഫാസ്റ്റ് ട്രാക്ക് കോടതികളും ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

വീഡിയോ കാണാൻ ശ്രമിച്ച ഇന്ത്യൻ ഉപയോക്താക്കൾക്ക് "നിയമപരമായ അഭ്യർഥനയെ തുടർന്ന് ഈ ഉള്ളടക്കം തടഞ്ഞിരിക്കുന്നു" എന്ന സന്ദേശമാണ് ലഭിച്ചത്. സംഭവം വിവാദമായതോടെ മെറ്റ വീഡിയോ വീണ്ടും ലഭ്യമാക്കുകയും ഔദ്യോഗികമായി മാപ്പപറയുകയും ചെയ്തു.

അതേസമയം, സംഭവത്തെ കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ഏത് സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പരിശോധിച്ചുവരികയാണ്. വിഷയത്തിൽ വിശദീകരണം തേടി മെറ്റയുടെയും ഇൻസ്റ്റഗ്രാമിന്റെയും ആഗോള തലവന്മാരെ മന്ത്രാലയം വിളിച്ചുവരുത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.