INDIA

'പാറ്റ' പരാമർശം എല്ലാ യുവാക്കളെയും ഉദ്ദേശിച്ചല്ല; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

'കോക്രോച്ച്' പരാമർശം യുവാക്കളെ ഉദ്ദേശിച്ചല്ല; വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

man
man

കഴിഞ്ഞ മേയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ 'കോക്രോച്ച്' പരാമർശം വലിയ വിവാദമായിരുന്നു. ഒരു ഹർജിയുടെ വാദത്തിനിടെ, "പാറ്റകളെപ്പോലെ കുറേ യുവാക്കളുണ്ട്. ഒരു തൊഴിലുമില്ലാത്ത അവർ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ആർടിഐ ആക്ടിവിസ്റ്റുകളുമെല്ലാമാകും. ഭരണസംവിധാനത്തെ ആക്രമിക്കും" എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇത് വ്യാപക വിമർശനത്തിനും യുവാക്കൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.

ഇപ്പോൾ, ആ പരാമർശത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. 'ദി ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ, തന്റെ 'കോക്രോച്ച്' പരാമർശം എല്ലാ യുവാക്കളെയും ഉദ്ദേശിച്ചുള്ളതല്ലെന്നും, വ്യാജ നിയമ ബിരുദം ഉപയോഗിച്ചും പിൻവാതിലിലൂടെയും അഭിഭാഷക മേഖലയിലേക്ക് കടന്നുവരുന്നവരെയാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ നിയമ ബിരുദധാരികളുടെ പ്രശ്നം ബാർ കൗൺസിൽ ഓഫ് ഇന്ത്യ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും, ആ പശ്ചാത്തലത്തിലാണ് താൻ അത്തരം പരാമർശം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ യുവജനങ്ങളോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും അവരിൽ നിന്നാണ് താൻ ഊർജം ഉൾക്കൊള്ളുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. യുവാക്കൾക്ക് എന്തെങ്കിലും പരാതികളോ ആശങ്കകളോ ഉണ്ടെങ്കിൽ സുപ്രീം കോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുകയാണെന്നും, ഭരണഘടനയുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിൽ അവയ്ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.

മെയ് 15-ലെ പരാമർശത്തിന് പിന്നാലെ ഉയർന്ന വ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ചീഫ് ജസ്റ്റിസ് നേരത്തേയും വിശദീകരിച്ചിരുന്നു.

അതേസമയം, ചീഫ് ജസ്റ്റിസിന്റെ പരാമർശം പ്രത്യേകിച്ച് ജെൻ സീ യുവാക്കളിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തി. പരാമർശം വന്നതിന്റെ പിറ്റേന്നാണ് അഭിജിത് 'കോക്രോച്ച് ജനതാ പാർട്ടി' (CJP) എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജും വെബ്സൈറ്റും ആരംഭിച്ചത്. 'Voice of the Lazy and Unemployed' എന്ന ടാഗ്‌ലൈനോടെ ആരംഭിച്ച സിജെപി, വെറും ട്രെൻഡായി ഒതുങ്ങാതെ യുവാക്കളുടെ ആവശ്യങ്ങളും ആശങ്കകളും മുന്നോട്ട് വയ്ക്കുന്ന ഒരു കൂട്ടായ്മയായി ശ്രദ്ധ നേടുകയാണ്.

Comments

Be the first to comment.