INDIA

കൊച്ചിയിൽ 'വേടൻ' പങ്കെടുത്ത ഐക്യദാർഢ്യ പരിപാടി; മുൻകൂർ അനുമതിയില്ലെന്ന് കേസ്

പനമ്പിള്ളി നഗറിലെ പരിപാടിയിൽ വേടൻ, മാനേജർ വിഗ്നേഷ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 99 പേർക്കെതിരെ കേസ്.

Vedan
Vedan

ഡൽഹിയിലെ സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിലെ പനമ്പിള്ളി നഗറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. റാപ്പർ വേടൻ, മാനേജർ വിഗ്നേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 99 പേരെയാണ് പ്രതിചേർത്തിരിക്കുന്നത്.


മുൻകൂർ അനുമതി വാങ്ങാതെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്നാണ് പൊലീസ് ആരോപണം. കൂടാതെ, മാർഗതടസം സൃഷ്ടിച്ചാണ് പരിപാടി നടന്നതെന്നും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂലൈ 22ന് കൊച്ചിയിലെ പനമ്പിള്ളി നഗറിൽ കലാ-സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. റാപ്പർമാരായ വേടനും ഗ്രബ്രിയും ചേർന്ന് *'പാട്ടും പ്രതിഷേധവും'* എന്ന പേരിലായിരുന്നു പരിപാടി.


പരിപാടിയിൽ സംസാരിച്ച വേടൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. പരാജയപ്പെട്ട വിദ്യാഭ്യാസ നയങ്ങൾക്ക് ജനാധിപത്യ രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.


ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തെ രാജ്യവിരുദ്ധ പ്രക്ഷോഭമായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വേടൻ ആരോപിച്ചു. മോശം വിദ്യാഭ്യാസ സമ്പ്രദായത്തിനും സർക്കാർ നയങ്ങൾക്കുമെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നതെന്നും, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും ഇത്തരം സാഹചര്യത്തിൽ നിശബ്ദരായി മാറിനിൽക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

Be the first to comment.