അഭിജിത് ദീപ്കേയ്ക്ക് ടൈഫോയിഡ്; 'ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുംവരെ സമരം തുടരും'
രാജ്യത്തുടനീളം സമാധാനപരമായാണ് 'പാറ്റകൾ' സമരം നടത്തുന്നത്; ഇതുവരെയുള്ള പ്രക്ഷോഭത്തിന്റെ വിജയത്തിന് കാരണം അവരാണെന്ന് അഭിജിത് ദീപ്കേ.

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് ദീപ്കേ വ്യക്തമാക്കി.
വീഡിയോ സന്ദേശത്തിലൂടെയാണ് തനിക്ക് ടൈഫോയ്ഡ് ബാധിച്ച വിവരം അദ്ദേഹം അറിയിച്ചത്. ചികിത്സ തുടരുകയാണെന്നും ദിവസവും രാവിലെയും വൈകിട്ടും ഡ്രിപ്പ് നൽകുന്നുണ്ടെന്നും ദീപ്കേ പറഞ്ഞു.
രാജ്യത്തുടനീളമുള്ള സി.ജെ.പി പ്രവർത്തകരും വിദ്യാർഥികളും സമാധാനപരമായാണ് പ്രതിഷേധം നടത്തുന്നതെന്നും, ഇതുവരെയുള്ള സമരത്തിന്റെ വിജയത്തിന് കാരണം അവരാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് പിന്തുണ നൽകി രംഗത്തുള്ള എല്ലാവർക്കും നന്ദി അറിയിച്ച ദീപ്കേ, അവരുടെ ഐക്യവും പിന്തുണയുമാണ് പ്രക്ഷോഭത്തെ ശക്തിപ്പെടുത്തിയതെന്നും കൂട്ടിച്ചേർത്തു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അസുഖബാധിതനാണ്. ടൈഫോയ്ഡ് സ്ഥിരീകരിച്ചു. ചികിത്സ തുടരുകയാണ്. ദിവസവും ഡ്രിപ്പ് നൽകുന്നുണ്ട്. എന്നിരുന്നാലും സമാധാനപരമായി പ്രതിഷേധിക്കുന്ന എല്ലാ "പാറ്റകൾക്കും" ഹൃദയം നിറഞ്ഞ നന്ദി. ഈ മുന്നേറ്റം വിജയകരമാക്കിയത് നിങ്ങളാണ്,' ദീപ്കേ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
സമരത്തിന്റെ ലക്ഷ്യം കൈവരിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അഭിജിത് ദീപ്കേ വ്യക്തമാക്കി. മന്ത്രിയുടെ രാജി ആവശ്യത്തിൽ കേന്ദ്രസർക്കാർ ഇന്ന് നിലപാട് അറിയിക്കുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച് വൈകിട്ട് സി.ജെ.പി പ്രതിനിധികളുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും.
അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ലെന്ന തരത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കണ്ടെന്നും അങ്ങനെ സംഭവിച്ചാൽ സി.ജെ.പി അടുത്തഘട്ട സമരപരിപാടികളിലേക്ക് കടക്കുമെന്നും സംഘടനാ നേതാവ് അശുതോഷ് റങ്ക പറഞ്ഞു. മന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പും അംഗീകരിക്കില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments
Be the first to comment.