പൈപ്പിനുള്ളിൽ തല കുടുങ്ങി; പൂച്ചക്കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന, വീഡിയോ വൈറൽ
പൈപ്പിനുള്ളിൽ തല കുടുങ്ങി ശ്വാസംമുട്ടിയ പൂച്ചക്കുഞ്ഞിന് ജീവൻ തിരികെ നൽകി അഗ്നിരക്ഷാസേന; തൃപ്പൂണിത്തുറയിലെ രക്ഷാദൗത്യത്തിന്റെ വീഡിയോ വൈറൽ. 🐱🚒
പൈപ്പിനുള്ളിൽ തല കുടുങ്ങി ശ്വാസംമുട്ടി പിടഞ്ഞ പൂച്ചക്കുഞ്ഞിനെ അതീവ കരുതലോടെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. തൃപ്പൂണിത്തുറയിൽ നടന്ന രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിനും കരുതലോടെയുള്ള രക്ഷാദൗത്യത്തിനും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.
ഏകദേശം രണ്ട് മാസം പ്രായമുള്ള പൂച്ചക്കുഞ്ഞിന്റെ തല ചെറിയ പ്ലാസ്റ്റിക് പൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. പുറത്തുവരാൻ കഴിയാതെ ശ്വാസംമുട്ടി കരയുന്ന പൂച്ചക്കുഞ്ഞിനെ അഗ്നിരക്ഷാനിലയത്തിന് സമീപം താമസിക്കുന്ന അക്ഷയ് എന്ന യുവാവും സിവിൽ ഡിഫൻസ് അംഗമായ വിനോദ് കുമാറും ചേർന്നാണ് തൃപ്പൂണിത്തുറ അഗ്നിരക്ഷാനിലയത്തിലെത്തിച്ചത്.
തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എൻ.ജി. ദിനകർ, സിൻമോൻ, പ്രവീൺ കുമാർ എന്നിവരടങ്ങിയ സംഘം പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് പൈപ്പ് മുറിച്ച് പൂച്ചക്കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. പിന്നീട് പൂച്ചക്കുഞ്ഞിനെ യുവാവിന് കൈമാറി.
രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ അഗ്നിരക്ഷാസേനാംഗമായ പ്രവീൺ കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധനേടിയത്. പൂച്ചക്കുഞ്ഞിന്റെ കുസൃതിയെ തമാശയോടെ പരാമർശിച്ചും രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാസേനയെ അഭിനന്ദിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.

Comments
Be the first to comment.