സ്പോർട്സ് ടുഡേ

രണ്ടാം വയസിൽ പോളിയോ; ജീവിത പോരാട്ടം ജയിച്ച് സുവർണനേട്ടം

രണ്ടാം വയസിൽ പോളിയോ, ബാല്യത്തിൽ കടുത്ത ദാരിദ്ര്യം... ജീവിതം നൽകിയ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ശർമിള ധൻഖർ ഇന്ന് ഇന്ത്യയ്ക്ക് അഭിമാനമായി സ്വർണ മെഡൽ നേടിയത്. 🇮🇳🥇

sports
sports

സ്കോട്‍ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് സ്വർണമെഡൽ നേടി അഭിമാനമായി ഹരിയാന സ്വദേശിനി ശർമിള ധൻഖർ. വനിതകളുടെ ഷോട്ട് പുട്ട് ഇനത്തിൽ 9.81 മീറ്റർ എറിഞ്ഞാണ് ശർമിള സ്വർണം സ്വന്തമാക്കിയത്. ഇതോടെ 20 വർഷത്തിന് ശേഷം കോമൺവെൽത്ത് പാരാ അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് സ്വർണനേട്ടം നേടിക്കൊടുത്ത താരമെന്ന നേട്ടവും ശർമിള സ്വന്തമാക്കി.

എന്നാൽ ഈ വിജയത്തിന് പിന്നിൽ വർഷങ്ങളുടെ കഠിന പോരാട്ടമുണ്ട്. ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിലെ ഒരു കർഷക കുടുംബത്തിലാണ് ശർമിള ജനിച്ചത്. കാഴ്ചശക്തിയില്ലാത്ത അമ്മയും കർഷകനായ അച്ഛനും അടങ്ങുന്ന കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലായിരുന്നു. രണ്ടാമത്തെ വയസിൽ ഉയർന്ന പനിയെ തുടർന്ന് പോളിയോ ബാധിച്ചതോടെ ഇടതുകാലിന്റെ ചലനശേഷി നഷ്ടമായി.

19-ാം വയസിൽ നടന്ന ആദ്യ വിവാഹവും ശർമിളയുടെ ജീവിതത്തിൽ ദുരിതങ്ങളാണ് സമ്മാനിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും കടുത്ത ഗാർഹിക പീഡനങ്ങൾ നേരിട്ടു. രണ്ട് പെൺമക്കൾക്ക് ജന്മം നൽകിയ ശേഷവും മർദനം തുടർന്നു. ഒടുവിൽ ക്രൂരതകൾ സഹിക്കാനാകാതെ രണ്ട് മക്കളുമായി ആ ബന്ധം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നെന്നും ശർമിള തുറന്ന് പറഞ്ഞിട്ടുണ്ട്.

28-ാം വയസിൽ അജിത് സിങ്ങുമായുള്ള രണ്ടാം വിവാഹമാണ് ജീവിതത്തിൽ വഴിത്തിരിവായത്. ഭർത്താവിന്റെ പിന്തുണയോടെയാണ് ശർമിള പാരാ അത്‌ലറ്റിക്സിലേക്ക് എത്തിയത്. 34-ാം വയസിൽ പരിശീലനം ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി തുടർന്നു. പരിശീലന ചെലവുകൾക്കായി 2023-ൽ സ്വന്തം വീട് വരെ വിറ്റ് വാടകവീട്ടിലേക്ക് മാറേണ്ട സാഹചര്യം കുടുംബത്തിനുണ്ടായി.

എന്നിരുന്നാലും കഠിനാധ്വാനം കൈവിട്ടില്ല. ഷോട്ട് പുട്ടിലും ഡിസ്കസ് ത്രോയിലും മികവ് തെളിയിച്ച ശർമിള ദേശീയ മത്സരങ്ങളിൽ നിരവധി മെഡലുകളും ദേശീയ റെക്കോർഡും സ്വന്തമാക്കി. ഇപ്പോൾ കോമൺവെൽത്ത് ഗെയിംസിലെ സ്വർണനേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് അവർ.

തന്റെ രണ്ട് പെൺമക്കളെയും മികച്ച കായികതാരങ്ങളാക്കി വളർത്തണമെന്ന സ്വപ്നവുമായാണ് ശർമിള ധൻഖർ മുന്നോട്ടുള്ള യാത്ര തുടരുന്നത്

Comments

Be the first to comment.